കാഞ്ഞങ്ങാട്: ദേശീയപാതയിൽ കുഴികൾ നിറഞ്ഞു കിടന്നിരുന്ന പടന്നക്കാട് മേൽപാലം കഴിഞ്ഞവർഷം പൊലിസ് ഉദ്യോഗസ്ഥനടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്ക് വഴിയൊരുക്കിയതാണ്. മഴ മാറിയപ്പോഴാണ് ദേശീയപാത അധികൃതരുടെ നിർദേശപ്രകാരം നിർമാണ കരാറുകാർ മെറ്റലും ടാറുമിട്ട് കുഴികളടച്ചത്. പിന്നെ ഏതാനും മാസങ്ങൾ കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. പക്ഷേ വീണ്ടും മഴ വന്നുപോയപ്പോഴേക്കും മേൽപാലത്തിനു മുകളിൽ പിന്നെയും കുഴികൾ നിറഞ്ഞിരിക്കുകയാണ്.
മഴ വന്നതോടെ വീണ്ടും അവിടവിടെ ടാറിംഗ് അടർന്ന് രൂപംകൊണ്ട കുഴികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഴമേറിയ വെള്ളക്കെട്ടുകളായി മാറുകയായിരുന്നു. മഴ മാറിയപ്പോഴേക്കും ഈ കുഴികളിൽ ചാടാതെ എട്ടും എച്ചും വരച്ച് പോകേണ്ട അവസ്ഥയിലാണ് വാഹനങ്ങൾ. ഇതോടെ മേൽപാലത്തിനു മുകളിൽ ഗതാഗതക്കുരുക്കും ഒഴിയാതായി.
ഇന്നലെ നിർമാണ കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറിന്റെ തൊഴിലാളികളെത്തി ആഴമേറിയ ഏതാനും കുഴികളിൽ മെറ്റലും സിമന്റ് മിശ്രിതവും നിറച്ച് നികത്തിയിരുന്നു. എന്നാൽ ഇതിന്റെ ആയുസ് അടുത്ത മഴ വരുന്നതുവരെ മാത്രമായിരിക്കുമെന്ന് വാഹനയാത്രക്കാർ പറയുന്നു. മേൽപാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിലെ ലോഹപാളികളും അങ്ങിങ്ങ് ഇളകിക്കിടക്കുന്നുണ്ട്. ഇതുമൂലം പാലത്തിന്റെ ഉറപ്പിന് ഭീഷണിയൊന്നുമില്ലെങ്കിലും ചെറുവാഹനങ്ങൾക്ക് കുലുക്കം തട്ടാനിടയാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് അപകടഭീഷണിയാകുന്നത്.
എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കാനും പഴയ ടാറിംഗ് മാറ്റി പൂർണമായി മെക്കാഡം ടാറിംഗ് നടത്താനും കുറച്ചുദിവസം മേൽപാലം അടച്ചിടേണ്ടിവരുമെന്നാണ് നിർമാണ കരാറുകാരുടെ നിലപാട്. തൊട്ടടുത്തു നിർമിക്കുന്ന രണ്ടാമത്തെ മേൽപാലത്തിന്റെ പണി പൂർത്തിയാകാതെ ഇതു ചെയ്യാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുവരെ ഈ കുഴിയടക്കലും വീണ്ടും കുഴിയുണ്ടാവുന്നതും തുടർന്നുപോകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ.